മലയാളക്കരയുടെ ഏറ്റവും പ്രിയതരമായ കാർഷികോത്സവമാണ് ചിങ്ങത്തിരുവോണം.
മണ്ണറിയുന്ന കർഷകന്റെ മനമറിയുന്ന ഉത്സവമെന്ന നിലയിൽ തിരുവോണത്തിനുള്ള
പ്രാധാന്യം മറ്റൊന്നിനുമില്ല. ഇരുൾമൂടിയ കർക്കടകം കടന്നെത്തുന്ന ചിങ്ങമാസം
മനുഷ്യമനസ്സുകളെ പ്രതീക്ഷാനിർഭരമാക്കുന്നു. പോയവർഷത്തെക്കാൾ മികച്ച ഒരു വർഷം
മുന്നിൽ. ആ പ്രതീക്ഷ അവരെ കൂടുതൽ കർമ്മനിരതരാക്കുന്നു.
സഹസ്രാബ്ദങ്ങളുടെ
പഴക്കമുണ്ട് ഓണാഘോഷത്തിന്. ഇടവപ്പാതിയിൽ തുടങ്ങി കർക്കടകപ്പാതിയും കടന്നു
പെയ്യുന്ന കാലവർഷം ആധിയും വ്യാധിയും വിതറുമ്പോഴും കർഷകമനസ്സ് തളരുന്നില്ല.
വയലിലല്ലേ വെള്ളമുള്ളൂ.. വെളിയിലല്ലേ മഴയുള്ളു. പക്ഷേ ഞങ്ങളുടെ മനസ്സിൽ
മിതകാലാവസ്ഥ തന്നെ! അവർ വീടുകൾക്കുള്ളിൽ കർമ്മനിരതരാവുന്നു. പുഴുങ്ങിയുണക്കിയ
നെല്ലുകുത്താനും, പാകപ്പെടുത്തിവെച്ച തഴയും മുളവാറും ഈറപ്പൊളികളും വള്ളികളും
കൊണ്ട് പായയും, പനമ്പും, കുട്ടയും, വട്ടിയും, മുറവും, കൂടയും,
കോരികയുമുണ്ടാക്കുന്നതിലൂടെ അവർ പുറംലോകത്തെ പ്രകൃതിയുടെ സംഹാര താണ്ഡവത്തെ
നിസ്സാരവൽക്കരിക്കുന്നു. എങ്കിലും ഇടയ്ക്കിടെ അവർ
കൃഷിയിടങ്ങളിലേക്കിറങ്ങാതിരിക്കില്ല. വിളവായി വരുന്ന ചേനയ്ക്കു മണ്ണുകൂട്ടാനും,
മത്തനും, കുമ്പളവും പരിചരിയ്ക്കാനും, വാഴക്കുലകൾക്ക് മണ്ണുകൂട്ടി താങ്ങുകാൽ
നാട്ടാനുമൊക്കെയാണീ ഇറക്കം. ഒപ്പം മറ്റു ഓണവിളകൾക്കുള്ള ഒരുക്കങ്ങളും
തുടങ്ങുകയായി. ഓണത്തിനു പറിയ്ക്കാൻ പാകത്തിൽ പയറും പാവലും പടവലവും കോവലും
പന്തലിട്ട് വളർത്താൻ സമയമായി. പെരുമഴയൊഴുക്കിവിട്ട ജലപ്രവാഹത്തെ ചാലുകീറി
കൃഷിയിടങ്ങളിലാകെപ്പടർത്തിയാണവൻ മണ്ണിനെ പൊന്നാക്കുന്നത്.
കർക്കടകപ്പാതിയോടെ മഴയുടെ ശക്തി കുറയും. പിന്നാലെ കർക്കടകപ്പത്തെത്തും.
കർക്കടകക്കൂരിയെന്നറിയപ്പെടുന്ന കാലവർഷകാലത്തെ കുഞ്ഞൻതേങ്ങകൾ ഉണക്കിയാട്ടി
ഓണവെളിച്ചെണ്ണ തയ്യാറാക്കൽ, ഓണവിറകു കീറിയുണക്കി അടുക്കിവെയ്ക്കൽ, വീടും
പരിസരവും കാടും പടലും നീക്കി വൃത്തിയാക്കൽ തുടങ്ങിയ പ്രവൃത്തികളെല്ലാം
കർക്കടകപ്പത്തിലാണു പൂർത്തിയാക്കുക. ഓണവിളകളും, അവസാന പരിചരണവും ഈ സമയത്തു
പൂർത്തിയാകും.
കർക്കടകത്തിലെ തിരുവോണത്തിനാണു വിളവെടുപ്പിന്റെ ട്രയൽറൺ.
ചേനയും കുമ്പളങ്ങയും മത്തങ്ങയും ഈ സമയത്തേക്കു പരുവപ്പെട്ടിരിക്കും. അവയെല്ലാം
കർഷകർ സ്വന്തം ഉപയോഗത്തിനു മാത്രമേ എടുക്കുന്നുള്ളു. കാരണം വിപണി
സജീവമല്ലാത്തതുതന്നെ. അവരുടെ പ്രതീക്ഷകളെല്ലാം തന്നെ ചിങ്ങമാസത്തിലെ പൂരം,
ഉത്രം നാളുകളാണ്. പൂരം നാളിൽ കൃഷിയിടങ്ങളെല്ലാമുണരും. പച്ചക്കറികൾക്കു
വിലയിടാനെത്തുന്ന കച്ചവടക്കാരും, കർഷകരും കാളവണ്ടികളും,
പണിക്കാരുമൊക്കെച്ചേർന്നുള്ള ബഹളത്തെ ഓണപ്പൂരമെന്നാണു പറയുക. ഉത്രം നാളിൽ വിപണി
ഉണരുകയായി. അത് ഉത്രാടം വരെ സജീവം. ഉത്രാടം നാൾ മുതൽ ഉത്രട്ടാതി വരേക്കുള്ള
വകകളും കൊണ്ടാണ് ഏവരും വീടണയുക. മനം നിറഞ്ഞ് കർഷകരും കച്ചവടക്കാരും ഓണലഹരിയിൽ
മുങ്ങുന്നു.
കൃഷിയുമായി ബന്ധപ്പെട്ട ഒരു പിടി ആചാരങ്ങൾ ഓണക്കാലത്തെ
ഊഷ്മളമാക്കുന്നു. ഓണവല്ലി, ഓണക്കണി തുടങ്ങിയവ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്.
തങ്ങൾ ഉൽപ്പാദിപ്പിച്ച വിളകളുമായി ജന്മിയുടെ വീടുകളിൽ കുടിയാന്മാരെത്തുന്നു.
ഇവയാണ് ഓണക്കണി അഥവാ ഓണക്കാഴ്ച. അവരെ വെറുംകൈയ്യോടെ മടക്കി അയയ്ക്കാൻ
ജന്മിയ്ക്കാവില്ലല്ലോ. വള്ളിക്കുട്ടകളിൽ അരി, വെളിച്ചെണ്ണ, തേങ്ങ എന്നിവ
നിറച്ചാണ് അവർ കുടിയാന്മാരെ ഓണമാഘോഷിക്കാൻ മടക്കുന്നത്. ഈ വള്ളിക്കുട്ടകളാണ്
ഓണവല്ലി. ഒപ്പം ഓണപ്പുടവയുമുണ്ടാകും.
ഉത്രാടം നാൾ മുതൽ
വളർത്തുമൃഗങ്ങൾക്കും ഓണം തുടങ്ങുകയായി. തൊഴുത്തും പരിസരവും വൃത്തിയാക്കി
കന്നുകാലികളെ കുളിപ്പിച്ചൊരുക്കി ആഹാരം കൊടുക്കുന്ന പതിവ് മലയാളക്കരയിലെങ്ങും
നിലനിന്നിരുന്നു. ഉപ്പേരിയ്ക്കരിഞ്ഞ വാഴക്കയുടെ തൊലിയും തേങ്ങാപ്പാൽ
പിഴിഞ്ഞെടുത്ത ശേഷം അവശേഷിക്കുന്ന പീരയും മിതമായ തോതിൽ കന്നുകാലികൾക്കു
നല്കാറുണ്ട്.
തിരുവോണനാളിൽ എല്ലാവരും മാവേലിയെപ്പോലെ ആദരിക്കുന്നത്
പൃത്ഥ്വീദേവിയേയും ക്ഷമാദേവിയേയുമാണ്. നല്ല വിളവു തന്ന ഭൂമിദേവിയെ
നമിച്ചുകൊണ്ടും പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തി തന്ന ക്ഷമാദേവിയെ
സ്മരിച്ചുകൊണ്ടുമായിരിക്കും തിരുവോണദിവസം കർഷകർ ആരംഭിക്കുന്നത്. ഒപ്പം സൂര്യൻ,
അഗ്നി, വായു, വരുണൻ തുടങ്ങിയവയേയും ആദരിക്കാറുണ്ട്. പഞ്ചഭൂതങ്ങളില്ലാതെ എന്തു
നിലനിൽപ്പ്.
പല്ലിയ്ക്കും പാറ്റയ്ക്കും കാക്കയ്ക്കും പൂച്ചയ്ക്കും
ഓണമെന്നു പറയാറുണ്ട്. പല്ലിയ്ക്കും പാറ്റയ്ക്കും ആഹരിയ്ക്കാനായി അരിക്കോലങ്ങൾ
തറവാടുകളിലെ അറയിലും നിരയിലും പതിപ്പിയ്ക്കുക പണ്ടത്തെ ഒരു ആചാരമായിരുന്നു. അവ
കുറേശ്ശെ കുറേശ്ശെ ജീവികൾ ഭക്ഷിച്ചു തീർക്കുകയും ചെയ്തിരുന്നു. ഓണയൂണിനുള്ള അരി
വേവിയ്ക്കാനിടുമ്പോൾ ഒരു നുള്ള് അന്നത്തിന്റെ അധിപതിയ്ക്കായി
മാറ്റിവയ്ക്കാറുണ്ട്.
ഓണഞാത്ത് അഥവാ ഓണഞാലി എന്നൊരേർപ്പാട് കർഷക
ഭവനങ്ങളിലുണ്ടായിരുന്നു. ഉൽപ്പന്നങ്ങളിലൊന്നുവീതം ഉമ്മറത്തു കെട്ടിത്തൂക്കുന്ന
പതിവാണിത്. മൂന്നാമോണത്തിന് ഇത് അഴിച്ചെടുത്ത് പാചകം ചെയ്യും. തങ്ങൾ കൃഷി
ചെയ്തു വിളയിച്ച ഉൽപ്പന്നങ്ങളുടെ സാമ്പിൾ പ്രദർശിപ്പിക്കുന്നത്
അഭിമാനമായിട്ടായിരുന്നു കൃഷിക്കാർ കരുതിയിരുന്നത്. അതോ സ്വകാര്യ അഹങ്കാരമോ?
എതായാലുമൊന്നുറപ്പാണ്. കർഷകരും തിരുവോണവും തമ്മിലുള്ള ബന്ധം പഴയതുപോലെ
സുദൃഢമാവുകയാണ്. അതിൽ നമുക്കും സന്തോഷിക്കാം.